Thursday, October 25, 2012

'നമ്പൂതിരിപ്പാ'ടും 'പിള്ള'യും പിന്നെ മറ്റു ചിലതും...



'നമ്പൂതിരിപ്പാ'ടും 'പിള്ള'യും പിന്നെ മറ്റു ചിലതും...


              ഇ എം എസ്സിനും മന്നത്തു പദ്മനാഭനും തമ്മിലെന്ത്?
              ചോദ്യം ഒന്നു കൂടി വ്യക്തമാക്കാം .
              ഒരു വോട്ടിംഗ് വന്നാല്‍ നിങ്ങള്‍ ഇവരില്‍ ആര്‍ക്കു വോട്ടു ചെയ്യും ?
              സംശയമുണ്ടോ ,ഇ എം എസ്സിന് എന്നാവാം ഭൂരിപക്ഷത്തിന്റെ മറുപടി . മന്നം ആര് ? സവര്‍ണ്ണന്‍ ,പിന്തിരിപ്പന്‍, വിമോചനസമരനായകന്‍.
              നല്ലത് .
             എന്നാല്‍ ഒരു കാര്യത്തിലെങ്കിലും ഇ എം എസ്സിനേക്കാള്‍ തലപ്പൊക്കം തന്റെ ജീവിതം കൊണ്ട് നേടിയെടുക്കാന്‍ ശ്രീ മന്നത്തിനു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍ ദയവായി നെറ്റി ചുളിയാതിരിക്കുക .സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരു സവിശേഷ ഘട്ടത്തില്‍ വച്ച്, തന്റെ പേരിനൊപ്പം നീണ്ടുനിന്ന പിള്ള എന്ന വാല്‍ക്കഷ്ണം ധൈര്യപൂര്‍വ്വം മുറിച്ചു നീക്കി ,ജാതീയത യുടെ ചെകിട്ടത്ത് കടുത്ത പ്രഹരം ഏല്‍പ്പിക്കാന്‍ മന്നത്തിനായി .
               ഇനി ഇ എം എസ്സിനെ നോക്കുക .
               തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം ജീവിച്ചു തീര്‍ത്തത് ശങ്കരന്‍ നമ്പൂതിരിപ്പാടായിട്ടായിരുന്നുവെന്നത് ചരിത്രം .
               അദ്ദേഹം ഒപ്പിട്ടിരുന്നതുപോലും നമ്പൂതിരിപ്പാട് എന്നെഴുതിയായിരുന്നു .
               സാമൂഹികമായ സകല അസമത്വത്തിനുമെതിരെ ശബ്ദിച്ചു കൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്നുകൊണ്ട് മന്നത്തിനേക്കാള്‍ മാതൃകാപരമായ ഒരു നിലപാടെടുക്കാന്‍ ചരിത്രപരമായ ബാധ്യതയുണ്ടായിരുന്നില്ലേ, ഇ എം എസ്സിന്?
               എന്തുകൊണ്ടാവാം തന്റെ പേരിലെ വാല്‍ക്കഷ്ണം മുറിച്ചു കളയാന്‍ അവസാനം വരെ അദ്ദേഹം തയ്യറാവാതിരുന്നത് ?
               എന്താണ് അദ്ദേഹത്തിന്റെ മനസ്സിനെ അതില്‍ നിന്ന് വിലക്കിയിരുന്നത് ?
               സ്ഥിതിസമത്വത്തിനും അവസരസമത്വത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ വേണ്ടപോലെ ക്ലച്ചു പിടിക്കാതെ പോയതിനും പോവുന്നതിനും നേതൃസ്ഥാനം കയ്യാളുന്നവരുടെ ചരിത്രത്തിനൊപ്പം ഉയരാന്‍ തയ്യാറാവാത്ത വിമുഖതയല്ലേ കാരണം?
                 വാല്‍ക്കഷ്ണം( മുറിച്ചു നീക്കാന്‍ പാടില്ലാത്തത്):  അമ്മച്ചിയാണേ, ഈ ലേഖകന്‍ ഒരു കരയോഗത്തിലും മെമ്പറല്ല .

വയലാര്‍ ഓര്‍മ്മയായിട്ട് 37വര്‍ഷം



  വയലാര്‍ ഓര്‍മ്മയായിട്ട്  37 വര്‍ഷം


             അതെ ,വയലാര്‍ വിട പറഞ്ഞിട്ട് ഈ ഒക്ടോബര്‍ 27 ന് 37വര്‍ഷം തികയുന്നു.

            പാട്ടിന്റെ ഇത്തിരിപ്പോന്ന പളുങ്ക് ചെപ്പുകളില്‍ കവിതയുടെ കടും മധുരം   നിറച്ചു വച്ചാണ്    വയലാര്‍  കടന്നു പോയത് .വേദാന്തം തൊട്ടു വര്‍ഗ്ഗസമര       സിദ്ധാന്തം വരെ പാട്ടിന്റെ പേലവ പുടങ്ങളില്‍ പകര്‍ന്നു വച്ച കവി മലയാള മനസ്സിന്റെയും  കവിതയുടെയും ഹൃദയത്തോട്  ചേര്‍ന്നു  നില്ക്കുന്നു .1955 ല്‍ 'കൂടപ്പിറപ്പ് 'എന്ന ചിത്രത്തില്‍ തുടങ്ങി 1976 ല്‍ 'വേഴാമ്പല്‍' വരെ എത്രയെത്ര ഗാനങ്ങള്‍ .ആ ചിത്രങ്ങളില്‍ ഒട്ടു മിക്കവയും പട്ടു പോയാല്‍ പോലും ആ ഗാനങ്ങള്‍ക്കു മരണമില്ലെന്നുറപ്പ്.
              ഗുരുവായുരപ്പനെയും ശബരിമല ശാസ്താവിനെയും വിശുദ്ധനായ സെബസ്റ്റ്യാനോസിനെയും നിത്യസഹായ മാതാവിനെയുമൊക്കെ കുറിച്ച് ഇത്ര ഉള്ളില്‍ തട്ടിയ ഗാനങ്ങളെഴുതിയ വേറൊരു കവി നമുക്കുണ്ടോ ?

              ചിന്തയുടെ ലോകത്ത് പക്ഷെ , ഇതിനെയൊക്കെ എതിര്‍ത്തു പോന്ന തികഞ്ഞ നിഷേധിയായിരുന്നു, വയലാര്‍ .

              'ഈ മനോഹര തീരത്ത് തരുമോ ,ഇനിയൊരു ജന്മം കൂടി 'എന്നെഴുതിയ കവി നിശ്ചയമായും പുനര്‍ജ്ജന്മത്തില്‍ വിശ്വസിച്ചിരുന്നിരിക്കണമെന്നു പണ്ട് മലയാളം ക്ളാസ്സില്‍ ഒരധ്യാപകന്‍ പറഞ്ഞതോര്‍ക്കുന്നു .
            'പദ്മരാഗ പ്രഭ വിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും കൃഷ്ണ തുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍' (ചിത്രം സ്വാമി അയ്യപ്പന്‍) എന്നെഴുതാന്‍ ഒരു യുക്തിവാദിക്ക് എങ്ങനെ കഴിയും എന്ന ചോദ്യം ഒരു ചര്‍ച്ചാവേദിയില്‍ ഉയര്‍ന്നു കേട്ടതുമോര്‍ക്കുന്നു .

               1975 ഒക്ടോബര്‍ 20 നു ചങ്ങനാശ്ശേരി NSS കോളേജിലെ ആര്‍ട്ട്സ് ക്ലബ്ബുദ്ഘാടനമായിരുന്നു വയലാര്‍ പങ്കെടുത്ത അവസാന പൊതുപരിപാടി. വീട്ടില്‍ മടങ്ങിയെത്തിയപാടെ പെട്ടെന്നൊരസഹ്യത തോന്നി .കുറച്ചു ദിവസങ്ങളായി ആലപ്പുഴയിലെ ഒരു ലോഡ്ജില്‍ താമസിച്ചു പാട്ട് എഴുതുന്ന തിരക്കിലായിരുന്നു .എഴുതി മുഴുമിച്ച വരികള്‍ അപ്പോഴും മുറിയില്‍ ഈണം കാത്തു മേശപ്പുറത്ത് കിടന്നിരുന്നു .'തിരുവാകച്ചാര്‍ത്തിനു മുഖശ്രീ വിടരും ഗുരുവായുരപ്പാ.... 'എന്നഗാനം...